Chottanikkara News

Latest Post

പോലീസ് സ്റ്റേഷനിൽ പോകാതെ വാഹന ഇൻഷുറൻസിനായുള്ള ‘GD എൻട്രി’ നേടാം..

വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറൻ‍സ് കിട്ടാനുള്ള ജീഡി എൻ‍ട്രി തരാമോ?” – പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇതിനായി കുറേ സമയം നമ്മൾ കാത്തു നിൽക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. പരിചയമൊന്നും ഇല്ലെങ്കിൽ ചിലപ്പോൾ പോലീസുകാർക്ക് കൈമടക്ക് നിൽകേണ്ടിയും വരുമത്രേ. ഇനി ജി.ഡി. എൻട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് ഓൺലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
https://thuna.keralapolice.gov.in/ എന്ന വിലാസത്തിൽ തുണ സിറ്റിസൺ പോർട്ടലിൽ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ‍ നമ്പർ‍ നല്‍കി റജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷൻ‍ നടത്തിയാല്‍ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി. വാഹനങ്ങളുടെ ഇന്‍ഷൂറൻ‍സിന് GD എന്‍ട്രി കിട്ടാൻ ഇതിലെ സിറ്റിസൺ ഇൻഫർമേഷൻ ബട്ടണില്‍ GD Search and Print എന്ന മെനുവിൽ ജില്ല, സ്റ്റേഷൻ, തീയതി എന്നിവ നല്‍കി സെര്‍ച്ച്‌ ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ് . (കഴിയുന്നതും Mozilla Firefox ബ്രൌസറിൽ ‍ ഈ പോർ‍ട്ടൽ ഉപയോഗിക്കാൻ‍ ശ്രദ്ധിക്കുക).
എന്താണ് തുണ.....?
നിങ്ങൾ ഇതിനു മുൻപ് കേട്ടിട്ടുണ്ടോ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച്.....? പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ ഇപ്പോൾ ലൈവാണ്. www.thuna.keralapolice.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യാം.
      തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിക്കും. പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്. ഇനി നിങ്ങൾ ഒരു സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുവാൻ ഉദ്ദേശിക്കുന്നു എന്നിരിക്കുക. ആ വണ്ടി മോഷണവണ്ടിയാണോ എന്ന് ഈ സൈറ്റിൽ പരിശോധിച്ച് തീർച്ചപ്പെടുത്താവുന്നതാണ്.മോഷണം പോയ വണ്ടികളുടെ വിവരങ്ങൾ സൈറ്റിൽ കൊടുത്തിട്ടുണ്ടാകും.
സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ പ്രയോജനപ്പെടും. പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പോലിസ് മാന്വല്‍, സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്.
സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുവാദത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സാധിക്കും. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. എസ്.എം.എസ്., ഇ-മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും കഴിയും. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
വലിയൊരു സാങ്കേതിക മുന്നേറ്റത്തിലാണ് കേരള പോലീസ്. പൊതുജനങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന രക്ഷ, സിറ്റിസണ്‍ സേഫ്ടി തുടങ്ങി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍, സി.സി.ടി.എന്‍.എസ്. സംവിധാനം, സൈബര്‍ നിരീക്ഷണത്തിനുള്ള സൈബര്‍ഡോം, ഡിജിറ്റല്‍ ഫോറന്‍സിക് സംവിധാനങ്ങള്‍, ഓഫീസ് സേവനങ്ങളുടെ കംപ്യൂട്ടര്‍വത്കരണം, ജില്ലകള്‍ക്കുള്‍പ്പെടെ ആധുനിക വെബ്‌സൈറ്റ്, ഫോട്ടോ ആര്‍ക്കൈവ് ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. പോരാത്തതിന് കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജ് വഴി ‘ട്രോൾ’ രൂപത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്ന പുതിയ നീക്കം ഇപ്പോൾ ഹിറ്റായിരിക്കുകയാണ്. ഇനിയും നിരവധി കാര്യങ്ങള്‍ നടപ്പിലാക്കല്‍ ഘട്ടത്തിലാണ്. ഇന്ത്യയിലെ ഏറ്റവും ആധുനികമായ സേനയായി കേരള പോലീസിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും പോലീസും ആവിഷ്‌കരിച്ചിട്ടുള്ളത്.
കടപ്പാട് – കേരള പോലീസ്.

വിടർന്നു നിൽക്കുന്ന
പൂവിന്റെ ഭംഗി കാണാൻ
ധാരാളം പേരുണ്ടാകും
അതു വാടി വിണാൽ അതിൽ ചവിട്ടിനിന്നവർ മറ്റരു പുവിന്റെ ഭംഗി ആസ്വദിക്കും.....
അതു പോലെയാണ്
മനുഷ്യ ജീവിതങ്ങളും

When making notes, write as if you're explaining it to someone else

🔹Several reasons for this one:

_☞When you come back to them, you'll be lacking the same context and 'obvious' things may not be so obvious anymore._

_☞Explaining something to someone else forces you to understand it properly, otherwise it's easy to trick yourself into thinking you understand things._

_☞It helps you practice your ability to explain things to others (especially important for complex subjects)._

_☞They can easily be shared with someone else.

കേരളത്തിലെ എറണാകുളം ജില്ലയിലെചോറ്റാനിക്കരയിലുള്ള പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മാതൃദേവത ആയ ഭഗവതി ആണ്. ഭഗവതി ഈ പ്രദേശത്തെ പ്രധാന ദേവി ആണ്. ഭഗവതിയെയും മഹാവിഷ്ണുവിനെയും ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നു. തന്മൂലം ഇവിടെ വരുന്ന ഭക്തർ 'അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ' എന്നീ മന്ത്രങ്ങളാണ് ജപിയ്ക്കുന്നത്. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുക. വെള്ള നിറത്തിൽ പൊതിഞ്ഞ് സരസ്വതീ ദേവിയായി രാവിലെ ആരാധിക്കുന്നു. കുങ്കുമ നിറത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായാണ് ഉച്ചക്ക് ആരാധിക്കുക. നീല നിറത്തിൽ പൊതിഞ്ഞ് ദുർഗ്ഗയായി ഭഗവതിയെ വൈകുന്നേരം ആരാധിക്കുക. ഈ മൂന്നുഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കര ഭഗവതി രാജരാജേശ്വരീസങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്.

മാനസിക രോഗങ്ങളെ ഇവിടത്തെ ഭഗവതി സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളവർ ധാരാളമായി ഇവിടം സന്ദർശിക്കുന്നു. ചോറ്റാനിക്കര കീഴ്ക്കാവിൽ ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്. സായാഹ്നത്തിനു ശേഷം ദേവിയെ ഉണർത്തുവാനായി ആണ് ഈ പൂജ നടത്തുക. നൂറ്റെട്ട് ദുർഗാക്ഷേത്രങ്ങളിൽപ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര.

ഐതിഹ്യം

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പ്രദേശം പണ്ട് കൊടുംകാടായിരുന്നു. ഒരുപാട് മലയരയന്മാർ അവിടെ താമസിച്ചിരുന്നു. അവരുടെ തലവനായിരുന്ന കണ്ണപ്പൻ അതിക്രൂരനും നീചനുമായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പശുക്കളെ മോഷ്ടിച്ചുകൊണ്ടുവന്ന് അവയിൽ ഏറ്റവും ലക്ഷണമൊത്ത പശുവിനെ കൊടുംകാളിയ്ക്ക് ബലികൊടുക്കുന്നതായിരുന്നു അയാളുടെ വിനോദം. കണ്ണപ്പന്റെ ഭാര്യ നേരത്തെത്തന്നെ മരിച്ചുപോയി. അയാൾക്ക് കൂട്ടായി ഒരു മകളും ഒരുപാട് അനുചരന്മാരുമാണ് ഉണ്ടായിരുന്നത്.

ഒരുദിവസം കണ്ണപ്പന്റെ കുടിലിലേയ്ക്ക് ഒരു പശുക്കുട്ടി സ്വയമേവ കയറിവന്നു. അതീവ തേജോമയമായിരുന്നു അതിന്റെ മുഖം. കണ്ണപ്പന്റെ മകൾ ആ പശുക്കുട്ടിയെ സ്വന്തമാക്കി വളർത്താൻ തുടങ്ങി. അതിനിടയിൽ കണ്ണപ്പന് മറ്റുപശുക്കളെയൊന്നും കിട്ടാതായി. അയാൾ മകളുടെ പശുവിനെത്തന്നെ ബലികൊടുക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ മകൾ ആ ക്രൂരകൃത്യം തടഞ്ഞു. അങ്ങനെ കണ്ണപ്പൻ പശുബലി നിർത്തി. പിന്നീട് അയാൾ കായ്കനികൾ തേടലും കൃഷിയുമൊക്കെയായി കഴിഞ്ഞുകൂടി. എന്നാൽ അയാൾ മുമ്പ് ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചു. ഒരുദിവസം അയാളുടെ മകൾ അകാലചരമം പ്രാപിച്ചു. അതോടെ അയാൾക്ക് ജീവിതത്തോട് വെറുപ്പായി. അപ്പോഴും മകളുടെ പശുക്കുട്ടിയെ പരിപാലിച്ച് അയാൾ ജീവിച്ചുപോന്നു. ഒരുദിവസം രാത്രി അയാൾ ഒരു സ്വപ്നം കണ്ടു. പശുക്കുട്ടി തൊഴുത്തിൽ കല്ലായിക്കിടക്കുന്നതായിരുന്നു ആ കാഴ്ച. തൊട്ടടുത്ത് ഒരു സന്യാസിയും. സന്യാസിയുടെ ചുണ്ടിൽ നാമമന്ത്രങ്ങളുണ്ട്. പിറ്റേദിവസം പുലർച്ചെ കണ്ണപ്പൻ ഉണർന്നുനോക്കിയപ്പോൾ സ്വപ്നം ഫലിച്ചുകിടക്കുന്നതായി കണ്ടു. ഒന്നും മനസ്സിലാകാതെ അയാൾ നിലവിളിച്ചു. അപ്പോൾ ഒരുപാട് ആൾക്കാർ അയാളുടെ അടുത്തേയ്ക്ക് ഓടിവന്നു. അക്കൂട്ടത്തിൽ ഒരു സന്യാസിയുമുണ്ടായിരുന്നു. അദ്ദേഹം കണ്ണപ്പനോട് പറഞ്ഞു: 'കണ്ണപ്പാ, നീയൊരു പുണ്യപുരുഷനാണ്. സാക്ഷാൽ ജഗദംബിക തന്നെയാണ് പശുവായി നിന്റെ തൊഴുത്തിൽ കഴിഞ്ഞുകൂടിയത്. തൊട്ടടുത്തുള്ള മറ്റൊരു ശില നോക്കൂ. അത് സാക്ഷാൽ വൈകുണ്ഠനാഥനാണ്. നീ ഉടനെത്തന്നെ ഇവിടെ ആരാധന തുടങ്ങണം. നിനക്ക് മോക്ഷം ലഭിയ്ക്കും.' ഇത്രയും പറഞ്ഞശേഷം സന്യാസി അപ്രത്യക്ഷനായി. ആ സന്യാസി പരശുരാമനാണെന്ന് പറയപ്പെടുന്നു. തുടർന്ന് കണ്ണപ്പനും അനുചരന്മാരും തൊഴുത്ത് മുഴുവൻ വൃത്തിയാക്കി യഥാശക്തി പൂജകൾ ചെയ്തുകൊണ്ട് ശിഷ്ടകാലം കഴിച്ചുകൂട്ടി. അവസാനം അവർക്ക് ലക്ഷ്മീനാരായണദർശനം ലഭിച്ചു. ഭഗവാനും ഭഗവതിയും ഇങ്ങനെ അരുൾ ചെയ്തു: 'മക്കളേ, നിങ്ങൾ പുണ്യം ചെയ്തവരാണ്. നിങ്ങളുടെ ഈ തൊഴുത്തിന്റെ സ്ഥാനത്ത് കാലാന്തരത്തിൽ ഒരു മഹാക്ഷേത്രം ഉയർന്നുവരും. ഭക്തകോടികൾ കൺപാർക്കുന്ന ഒരു പുണ്യസങ്കേതമായി അതുമാറും. അന്ന് നിങ്ങളുടെ ഈ ജന്മത്തിലെ പുണ്യം മൂലം വീണ്ടും ഇവിടെ വന്നുചേരാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകും.' ഇത്രയും പറഞ്ഞശേഷം ഇരുവരും അപ്രത്യക്ഷരായി. അവിടെയും രണ്ട് സ്വയംഭൂവിഗ്രഹങ്ങൾ ഉയർന്നുവന്നു.

കുറച്ചുകാലം കഴിഞ്ഞപ്പോൾ കണ്ണപ്പൻ മരിച്ചു. അയാളുടെ മരണശേഷം മലയരയന്മാർ മറ്റുസ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്തു. കാലം കുറേ കടന്നുപോയി. ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകൾ വന്നു. അവരുടെ സംഘത്തിലെ ഒരുവൾ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാനായി അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവൾ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവർ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റുപ്രമാണിമാർക്കൊപ്പമെത്തി. അവർക്കൊപ്പം വന്ന ജ്യോത്സ്യർ പ്രശ്നം വച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് കണ്ണപ്പൻ പൂജിച്ചിരുന്ന അതേ വിഗ്രഹങ്ങൾ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയിൽ നിവേദ്യം സമർപ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നൽകുന്നത്. അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. ഒമ്പത് ഇല്ലക്കാർ അത് സ്വന്തമാക്കി. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരൻ. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രം.

ക്ഷേത്രം

ചോറ്റാനിക്കരയിൽ രണ്ട് ക്ഷേത്രങ്ങളുണ്ട് - മേൽക്കാവും കീഴ്ക്കാവും. അവയിൽ മേൽക്കാവാണ് പ്രധാനക്ഷേത്രം. അതുതന്നെയാണ് ചോറ്റാനിക്കര ക്ഷേത്രം എന്ന് പൊതുവേ അറിയപ്പെടുന്നതും. കാഴ്ചയിൽ അത്ര വലിയ ക്ഷേത്രമൊന്നുമല്ലെങ്കിലും മഹാക്ഷേത്രങ്ങളിൽ മാത്രം കണ്ടുവരാറുള്ള ഒരുപാട് പ്രത്യേകതകൾ ഇവിടെയുണ്ട്. കിഴക്കേ നടയിൽ സിംഹാരൂഢമായ സ്വർണ്ണക്കൊടിമരം, ദൂരെനിന്നു വരുന്നവർക്കുപോലും സ്വാഗതമേകിക്കൊണ്ട് ഉയർന്നുനിൽക്കുന്നു. അതിനുമുന്നിൽ വലിയ ആനക്കൊട്ടിൽ. തുലാഭാരം, ചോറൂണ്, വിവാഹം മുതലായവ ഇവിടെവച്ചാണ് നടത്തുന്നത്. തെക്കുപടിഞ്ഞാറേമൂലയിലാണ് ശ്രീമൂലസ്ഥാനം. കണ്ണപ്പന്റെ കാവും, തൊഴുത്തുമായിരുന്ന സ്ഥലം ഇവിടമാണ്. ഇവിടെ ഒരു പവിഴമല്ലിമരമുണ്ട്. ഇതിനെ ഭക്തർ അത്യധികം ഭക്തിയോടെ കണ്ടുവരുന്നു. ഭഗവതി ആദ്യമിരുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് 'ശ്രീമൂലസ്ഥാനം' എന്ന പേരുവന്നത്. പവിഴമല്ലിത്തറയിൽ ഇരിയ്ക്കുന്നതും കിടക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുര. ഇവിടെ ബലിക്കല്ലിന് അധികം പൊക്കമില്ലാത്തതിനാൽ ആനക്കൊട്ടിലിൽനിന്നുനോക്കിയാൽത്തന്നെ ദേവീവിഗ്രഹം കാണാം.

രുദ്രാക്ഷശില എന്ന അത്യപൂർവ്വശിലയിൽ തീർത്ത സ്വയംഭൂവിഗ്രഹമാണ് ഇവിടെ മൂലപ്രതിഷ്ഠ. വിശേഷാൽ ആകൃതിയൊന്നുമില്ലാത്തതാണീ ശിലാഖണ്ഡം. ഒന്നരയടി ഉയരം വരും. എന്നാൽ അതിന് ഒരു സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. അതാണ് ഭക്തർ ദർശിയ്ക്കുന്നത്. ഏകദേശം നാലടി ഉയരം ഈ വിഗ്രഹത്തിനുവരും. ശ്രീരത്നാങ്കിതപീഠത്തിൽ കാലുകൾ രണ്ടും താഴോട്ടിട്ടിരിയ്ക്കുന്ന ചതുർബാഹുവായ ഭഗവതിയുടെ തിരുരൂപമാണ് ഈ വിഗ്രഹത്തിന്. ഉയർത്തിപ്പിടിച്ച ഇടതുകയ്യിൽ ശംഖും വലതുകയ്യിൽ ശ്രീചക്രവും ധരിച്ചിരിയ്ക്കുന്നു. താഴ്ത്തിയിരിയ്ക്കുന്ന രണ്ടുകൈകൾ വരദാഭയമുദ്രാങ്കിതങ്ങളാണ്. ദേവീവിഗ്രഹത്തോടുചേർന്നുതന്നെയാണ് മഹാവിഷ്ണുവിഗ്രഹവും. കൃഷ്ണശിലാനിർമ്മിതമായ ഈ സ്വയംഭൂവിഗ്രഹത്തിനും വിശേഷാൽ ആകൃതിയൊന്നുമില്ല. മാത്രവുമല്ല, ഇതിനും ഒരു സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. സാധാരണ കണ്ടുവരാറുള്ള വിഷ്ണുരൂപമാണ് ഇതിനും. കൂടാതെ ശിവൻ, ബ്രഹ്മാവ്, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ എന്നിവർക്കും ഇവിടെ സാന്നിദ്ധ്യമുണ്ട്. കിഴക്കോട്ട് ദർശനമായാണ് ഇവിടെ പ്രതിഷ്ഠ. ശ്രീകോവിൽ വളരെ ചെറുതാണ്. ചതുരാകൃതിയിലാണ് നിർമ്മാണം. മുമ്പിൽ നമസ്കാരമണ്ഡപം പണികഴിപ്പിച്ചിരിയ്ക്കുന്നു. നാലമ്പലത്തിനകത്ത് അധികം സ്ഥലമില്ല.

പുറത്ത് വടക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും അന്നദാനമണ്ഡപവുമൊക്കെയാണ്. തെക്കുഭാഗത്ത് നവരാത്രിമണ്ഡപവും വെടിപ്പുരയും. തെക്കുപടിഞ്ഞാറുഭാഗത്ത് ശ്രീമൂലസ്ഥാനത്തിനടുത്തായി ശിവന്റെ ഒരു ചെറിയ ശ്രീകോവിലുണ്ട്. സ്വയംഭൂവായ ശിവലിംഗമാണ്. കിഴക്കോട്ട് ദർശനം. ശിവന്റെ ശ്രീകോവിലിൽത്തന്നെയാണ് ഗണപതിയുടെ പ്രതിഷ്ഠയും. തൊട്ടടുത്ത നാഗദേവതകളും ബ്രഹ്മരക്ഷസ്സും യക്ഷിയുംകുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ഈ യക്ഷിപ്രതിഷ്ഠയ്ക്കുപിന്നിലും ഒരു ഐതിഹ്യമുണ്ട്:

ചോറ്റാനിക്കരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ കണ്ടാരപ്പിള്ളി എന്ന പേരിൽ ഒരു ഇല്ലമുണ്ടായിരുന്നു. അവിടത്തെ കാരണവരായിരുന്ന ഗുപ്തൻ നമ്പൂതിരി ഒരു സ്ത്രീലമ്പടനും കഥകളിഭ്രാന്തനുമായിരുന്നു. ഒരുദിവസം തൃപ്പൂണിത്തുറ കോവിലകത്ത് കഥകളി കാണാൻ പോകുകയായിരുന്നു. പോകുന്ന വഴിയിൽ ഗുരുനാഥനായ കോശാപ്പള്ളി നമ്പൂതിരിയ്ക്ക് ഒരു ഗ്രന്ഥം കൊടുക്കാനായി തീരുമാനിച്ചു. അന്ന് ഇന്നത്തെപ്പോലെ യാത്രാസൗകര്യമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ നടന്നുനടന്നു നേരം ഇരുട്ടി. അപ്പോൾ അതാ മുന്നിൽനിൽക്കുന്നു അതിസുന്ദരിയായ ഒരു യുവതി. താൻ കാമാക്ഷി വാരസ്യാരാണെന്ന് അവൾ അറിയിച്ചു. അങ്ങനെ അവർ പലതും പറഞ്ഞ് നടത്തം തുടർന്നു. അങ്ങനെയിരിയ്ക്കുമ്പോഴാണ് ഗുപ്തൻ നമ്പൂതിരി ഗുരുനാഥനായ കോശാപ്പള്ളിയുടെ ഇല്ലം കണ്ടത്. അയാൾ ഉടനെത്തന്നെ അകത്തുകയറി ഗുരുനാഥന് ഗ്രന്ഥം സമർപ്പിച്ചു. ഗുപ്തൻ നമ്പൂതിരി ഒന്നുമാറിയപ്പോഴാണ് കോശാപ്പള്ളി ആ ഞെട്ടിയ്ക്കുന്ന സത്യം മനസ്സിലാക്കിയത്. തന്റെ ശിഷ്യന്റെ കൂടെവന്നത് അതിഭയങ്കരിയായ യക്ഷിയാണ്! ഇത് ഉടനെത്തന്നെ അദ്ദേഹം ശിഷ്യനെ അറിയിച്ചു. രക്ഷയ്ക്കായി തന്റെ ഈറൻതോർത്ത് അദ്ദേഹം കൈമാറി. തുടർന്ന് അദ്ദേഹം പറഞ്ഞു: 'ഗുപ്താ, ഇനി നിന്നെ രക്ഷിയ്ക്കാൻ ചോറ്റാനിക്കരയമ്മയ്ക്കുമാത്രമേ കഴിയൂ. നീ ഇന്ന് കോവിലകത്തേയ്ക്ക് പോകേണ്ട. നേരെ ചോറ്റാനിക്കരയമ്പലത്തിലേയ്ക്ക് ഓടിപ്പോകുക. ഭഗവതി നിന്നെ രക്ഷിയ്ക്കും.' ഇതനുസരിച്ച് ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കരയിലേയ്ക്ക് ഒറ്റയോട്ടം. തൊട്ടുപിന്നിൽത്തന്നെ യക്ഷിയുമുണ്ട്. പല അവസരങ്ങളിലും തൊട്ടു തൊട്ടില്ല എന്ന അവസ്ഥ വരെയെത്തി. അവസാനം ചോറ്റാനിക്കരയമ്പലത്തിന്റെ തെക്കേ നടയിലെത്തി. അപ്പോഴേയ്ക്കും നട തുറന്നുകഴിഞ്ഞിരുന്നു. അവിടെ ഒരുകാലകത്തുവച്ച് ഗുപ്തൻ നമ്പൂതിരി തോർത്തെറിയാൻ ശ്രമിച്ചപ്പോൾ യക്ഷിയതാ അയാളുടെ മറ്റേക്കാലിൽ ഒറ്റപ്പിടുത്തം! ഗുപ്തൻ നമ്പൂതിരി സാക്ഷാൽ രാജരാജേശ്വരിയെ ഉറക്കെ വിളിച്ചു. ഉടനെത്തന്നെ ശ്രീകോവിലിൽനിന്ന് ദേവി ഇറങ്ങിവന്ന് യക്ഷിയുടെ തല ത്രിശൂലംകൊണ്ട് അരിഞ്ഞുവീഴ്ത്തി. ഗുപ്തൻ നമ്പൂതിരി ദേവിയുടെ കാൽക്കൽ വീണ് സമസ്താപരാധം ഏറ്റുപറഞ്ഞു. ദേവി അയാളെ അനുഗ്രഹിച്ചു. അങ്ങനെ ആ യക്ഷിയ്ക്കും ക്ഷേത്രത്തിൽ ഒരു സ്ഥാനമായി.

ക്ഷേത്രത്തിൽനിന്ന് കിഴക്കോട്ട് കുത്തനെയുള്ള പടികളാണ്. അങ്ങോട്ടിറങ്ങിനടന്നാൽ ഒരു തീർത്ഥക്കുളത്തിന്റെയും അതിനപ്പുറത്ത് പടിഞ്ഞാട്ട് ദർശനമായിട്ടുള്ള മറ്റൊരു ഭഗവതിക്ഷേത്രത്തിന്റെയും സമീപമെത്താം. ഇതാണ് പ്രസിദ്ധമായ കീഴ്ക്കാവ്. അത്യുഗ്രദേവതയായ ഭദ്രകാളിയാണ്ഇവിടെ പ്രതിഷ്ഠ. വില്വമംഗലം സ്വാമിയാരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. അതിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്: ഒരുപാട് സ്ഥലങ്ങളിൽ തീർത്ഥാടനം നടത്തിവന്ന വില്വമംഗലം സ്വാമിയാർ ഒരിയ്ക്കൽ ചോറ്റാനിക്കരയിൽ ദർശനത്തിനെത്തി. ക്ഷേത്രദർശനത്തിനുമുമ്പ് സ്നാനതർപ്പണാദികൾ നടത്തുന്നതിനായി തീർത്ഥക്കുളത്തിലിറങ്ങിയ അദ്ദേഹത്തിന് കാലിലെന്തോ വന്നുതടയുന്നതുപോലെ തോന്നി. ഉടനെ അത് പൊക്കിയെടുത്തു. അത് ഭദ്രകാളിയുടെ ചതുർബാഹുവിഗ്രഹമാണെന്ന് ഒറ്റനോട്ടത്തിൽതന്നെ അദ്ദേഹത്തിന് മനസ്സിലായി. ഉടനെത്തന്നെ അദ്ദേഹം കുളത്തിന്റെ കിഴക്കേക്കരയിൽ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് കീഴ്ക്കാവ് ഉണ്ടായത്. കീഴ്ക്കാവിലേയ്ക്ക് പോകുന്ന വഴിയ്ക്കുതന്നെയാണ് ശാസ്താക്ഷേത്രം. മേൽക്കാവിന് തെക്കുകിഴക്കുഭാഗത്തായി പ്രത്യേക മതിൽക്കെട്ടോടുകൂടിയാണ് ശാസ്താക്ഷേത്രം. പ്രധാനമൂർത്തിയായ ശാസ്താവ് പൂർണ, പുഷ്കല എന്നീ പത്നിമാരോടൊപ്പം കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ഈ പ്രതിഷ്ഠയ്ക്കുപിന്നിലും ഒരു ഐതിഹ്യമുണ്ട്: മേപ്പാഴൂർ മനയിലെ നമ്പൂതിരിയുടെ പരദേവതയായിരുന്നു ഈ ശാസ്താവ്. ഒരിയ്ക്കൽ നമ്പൂതിരി ദുഷ്ടശക്തികളെ ഓടിയ്ക്കാൻ ശാസ്താവിനെ ചോറ്റാനിക്കരയിലേയ്ക്ക് അയച്ചു. കാലാന്തരത്തിൽ അദ്ദേഹം അവിടെ കുടിയിരുന്നു. ഇപ്പോൾ ശാസ്താവ് ക്ഷേത്രപാലകനായി കണക്കാക്കപ്പെടുന്നു. ശബരിമല സീസണിൽ മാലയിടലും കെട്ടുനിറയും നടക്കുന്നത് ഈ നടയിലാണ്. ബാധോപദ്രവം മൂത്ത് ഇവിടെ വരുന്നവരെ മേൽക്കാവിലമ്മ ശാസ്താവിനടുത്തേയ്ക്ക് പറഞ്ഞുവിടും. ശാസ്താവിന്റെ നടയിലെത്തുമ്പോൾത്തന്നെ മിക്ക ബാധകളും ഒഴിഞ്ഞുപോകും. തന്നെക്കൊണ്ട് ഒഴിപ്പിയ്ക്കാൻ കഴിയാത്ത ബാധകളെ ശാസ്താവ് കീഴ്ക്കാവിലമ്മയ്ക്കടുത്തേയ്ക്ക് പറഞ്ഞുവിടും. അവിടെവച്ച് എല്ലാം തീർന്നുകിട്ടും. അങ്ങനെയുള്ള ബാധകളെല്ലാം കീഴ്ക്കാവ് ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള പാലമരത്തിൽ ആണികൊണ്ട് തളച്ചിടും. അതിനുള്ള ദൃഷ്ടാന്തങ്ങൾ ഒരുപാടുണ്ട്.

നിത്യപൂജകൾ


നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നിയമവെടി. തുടർന്ന് ഏഴുതവണ ശംഖുവിളിയുണ്ടാകും. അതിനുശേഷം നാലുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഭിഷേകവും നിവേദ്യവും. മൂലവിഗ്രഹം രുദ്രാക്ഷശില കൊണ്ടുള്ളതായതിനാൽ ജലാഭിഷേകം മാത്രമേ സാധിയ്ക്കൂ. മറ്റ് അഭിഷേകങ്ങൾക്ക് ഒരു അർച്ചനാബിംബമുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ ആദ്യം ഭഗവതിയ്ക്ക് നിവേദ്യം സമർപ്പിച്ചത് ചിരട്ടയിലാതുകൊണ്ട് ഇവിടെ ചിരട്ടയിലാണ് രാവിലെ നിവേദ്യം. ഇവിടെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും ഒരു അഭിഷേകമുണ്ട്. ഇതിനുപിന്നിലുള്ള ഐതിഹ്യം ഇതാണ്: യക്ഷിയുടെ കഥകഴിച്ചശേഷം ഭഗവതിയുടെ ഉടയാട മുഴുവൻ രക്തനിമഗ്നമായി. ഇതുകണ്ട മേൽശാന്തി, അയിനിക്കാട്ട് നരസിംഹൻ നമ്പൂതിരി, അതുമാറ്റി വീണ്ടും അഭിഷേകം നടത്തി. പിന്നീട് നാലരയ്ക്ക് ഉഷഃപൂജയും അഞ്ചരയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. ഇവയ്ക്കിടയിൽ ശിവന്റെ നടയിൽ ധാരയുമുണ്ട്. എതിരേറ്റുപൂജ കഴിഞ്ഞാൽ ആറരയ്ക്ക് എതിരേറ്റുശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവതി നേരിട്ടുകാണുന്നു എന്നതാണ് ഇതിനുപിന്നിലുള്ള അർത്ഥം. ശീവേലി കഴിഞ്ഞാൽ എട്ടുമണിയോടെ പന്തീരടിപൂജയും അഭിഷേകങ്ങളും. അതുകഴിഞ്ഞാൽ പതിനൊന്നുമണിയ്ക്ക് ശിവന്റെ നടയിൽ വീണ്ടും ധാരയാണ്. പതിനൊന്നരയ്ക്ക് ഉച്ചപൂജ. ഉച്ചപൂജയ്ക്കുശേഷം ഉച്ചശീവേലി. രാവിലത്തെ ശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഇതിനും. തുടർന്ന് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. അതത് ദിവസത്തെ സൂര്യാസ്തമയമനുസരിച്ചാണ് ദീപാരാധന. പിന്നീട് ഏഴരയ്ക്ക് അത്താഴപൂജയും എട്ടുമണിയ്ക്ക് അത്താഴശീവേലിയുമാണ്. അതുകഴിഞ്ഞാൽ കീഴ്ക്കാവിൽ ഗുരുതിപൂജ തുടങ്ങും. ശാക്തേയപൂജാവിധികളാണ് ഗുരുതിപൂജയ്ക്കുള്ളത്. വാഴകൊണ്ട് തോരണം കെട്ടി പരിസരം മുഴുവൻ അലങ്കരിച്ച് വൃത്തിയാക്കിയശേഷം മേൽശാന്തി വന്ന് പ്രത്യേകപൂജകൾ നടത്തുന്നു. തുടർന്ന് ഗുരുതിതർപ്പണം തുടങ്ങുന്നു. ഇത് കാണാൻ ആയിരങ്ങളുണ്ടാകും. ഇവയെല്ലാം കഴിഞ്ഞാൽ ഒമ്പതുമണിയ്ക്ക് നടയടയ്ക്കുന്നു. രാവിലെ പന്തീരടിപൂജ വരെ സരസ്വതിയായും (മൂകാംബിക) പിന്നീട് ഉച്ചപൂജ വരെ ഭദ്രകാളിയായും അതുകഴിഞ്ഞ് അത്താഴപൂജ വരെ ദുർഗ്ഗയായുമാണ് ഭഗവതിസങ്കല്പം. ആ ഒരു സങ്കല്പത്തിൽ രാവിലെ വെള്ളയും, ഉച്ചയ്ക്ക് ചുവപ്പും, വൈകീട്ട് നീലയും നിറത്തിലുള്ള ഉടയാടകൾ ഭഗവതിയെ അണിയിയ്ക്കുന്നു. ശിവനോടുചേർന്നുനിൽക്കുന്നതിനാൽ പാർവ്വതിയായുംവിഷ്ണുവിനോടുചേർന്നുനിൽക്കുന്നതിനാൽ ലക്ഷ്മിയായും ഇവിടെ രണ്ട് സങ്കല്പങ്ങൾ കൂടിയുണ്ട്. ഇവിടെ രാവിലെ സരസ്വതീസാന്നിദ്ധ്യം വന്നതിനുപിന്നിലുമുണ്ട് രസകരമായ ഒരു ഐതിഹ്യം. അദ്വൈതവേദാന്തിയായിരുന്ന ശങ്കരാചാര്യരുമായി ബന്ധപ്പെട്ടതാണ് ആ കഥ. അതിങ്ങനെ:

വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയ്ക്ക് ഒറ്റക്ഷേത്രം പോലും അന്നുണ്ടായിരുന്നില്ല. ഇതിൽ ഏറെ വിഷമിച്ച ശങ്കരാചാര്യർ മൈസൂരിലെ ചാമുണ്ഡേശ്വരിക്ഷേത്രത്തിൽപോയി ഭജനമിരുന്ന് ദേവിയെ പ്രീതിപ്പെടുത്തി. ആഗ്രഹം കേട്ടപ്പോൾ ദേവി ഇങ്ങനെ പറഞ്ഞു: 'ശരി, നിന്റെ ആഗ്രഹത്തിൽ ഞാൻ സംപ്രീതയായിരിയ്ക്കുന്നു. പക്ഷേ, നീ ഒരിയ്ക്കലും തിരിഞ്ഞുനോക്കരുത്. നോക്കിയാൽ അപ്പോൾ ഞാൻ ആ സ്ഥലത്ത് കുടികൊള്ളും.' ഇത്രയും പറഞ്ഞശേഷം ശങ്കരാചാര്യർ ദേവിയെയും കൊണ്ട് നാട്ടിലേയ്ക്ക് യാത്രതുടർന്നു. വഴിയിൽ ഒരിടത്തെത്തിയപ്പോൾ ദേവിയുടെ കാൽച്ചിലമ്പിന്റെ ഒച്ച കേൾക്കാതായി. കൊല്ലൂർ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു അത്. വ്യവസ്ഥ തെറ്റിച്ച് ശങ്കരാചാര്യർ പുറകോട്ട് നോക്കിയപ്പോൾ അതാ ദേവി ശിലാരൂപമായി മാറിയിരിയ്ക്കുന്നു! ശങ്കരാചാര്യർ ആകെ വിഷമിച്ചു. അദ്ദേഹം ഉടനെത്തന്നെ ദേവിയെ ഉറക്കെവിളിച്ച് പ്രാർത്ഥിയ്ക്കാൻ തുടങ്ങി. ദേവി വീണ്ടും പ്രത്യക്ഷപ്പെട്ടു. തുടർന്ന് ഇങ്ങനെ പറഞ്ഞു: 'നീ വ്യവസ്ഥ തെറ്റിച്ചതിനാൽ ഞാൻ ഇവിടെത്തന്നെ സ്ഥിരസാന്നിദ്ധ്യം അരുളുന്നതായിരിയ്ക്കും. പക്ഷേ, നിന്റെ നാട്ടിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ എന്നും രാവിലെ ഞാനുണ്ടായിരിയ്ക്കും.' ഈ കഥയുടെ അടിസ്ഥാനത്തിൽ ഇന്നും കൊല്ലൂർ മൂകാംബികാക്ഷേത്രത്തിന്റെ നടതുറക്കുന്നത് ചോറ്റാനിക്കരയിൽ പന്തീരടിപൂജ കഴിഞ്ഞാണ്. അതുവരെ ദേവി ഇവിടെ വാഴുന്നു എന്നാണ് വിശ്വാസം. ശങ്കരാചാര്യർ കുറച്ചുകാലം കൊല്ലൂരിൽത്തന്നെ കഴിച്ചുകൂട്ടി. അവിടെവച്ചാണ് അദ്ദേഹം സൗന്ദര്യലഹരിഎന്ന പ്രസിദ്ധകൃതി രചിച്ചത്. അന്ന് അദ്ദേഹത്തിന് ദേവി ദർശനം നൽകിയ രൂപത്തിലാണ് ഇന്ന് അവിടെയുള്ള പഞ്ചലോഹവിഗ്രഹം നിർമ്മിച്ചിരിയ്ക്കുന്നത്.

രാവിലത്തെ ദർശനത്തിന്റെ ഫലം വിദ്യാവിജയവും ഉച്ചയ്ക്കുള്ള ദർശനത്തിന്റെ ഫലം ശത്രുനാശനവും വൈകീട്ടത്തെ ദർശനത്തിന്റെ ഫലം മംഗല്യലബ്ധിയുമാണ്. സരസ്വതി, ഭദ്രകാളി, ദുർഗ്ഗ, ലക്ഷ്മി, പാർവ്വതി എന്നീ ഭാവങ്ങളെല്ലാം ചേർന്നതുകൊണ്ടാണ് ചോറ്റാനിക്കരയമ്മയെ രാജരാജേശ്വരിയായി സങ്കല്പിച്ച് ആരാധിയ്ക്കുന്നത്.

ഭഗവതിയുടെ വിഗ്രഹം സ്വയംഭൂവായതിനാൽ പീഠം വിഗ്രഹത്തിനുമുകളിലൂടെ കൊണ്ടുവന്നിട്ടാണ് പ്രതിഷ്ഠിച്ചത്. വിഗ്രഹത്തിൽ അഭിഷേകം നടത്തുന്ന ജലം അന്തർവാഹിയായ ഒരു ഗുഹാമാർഗ്ഗത്തിലൂടെ ക്ഷേത്രക്കുളത്തിലെത്തിച്ചേരുന്നു. വിഗ്രഹത്തിനുചുറ്റും മണലാണ്. ഈ മണൽ പലരും വീട്ടിൽ കൊണ്ടുപോയി സൂക്ഷിയ്ക്കുകയും ഏലസ്സിൽ നിറച്ച് ധരിയ്ക്കുകയും ചെയ്യാറുണ്ട്. ക്ഷേത്രം ആദ്യം ഒമ്പത് ഇല്ലക്കാരുടെ വകയായിരുന്നു. പിന്നീട് ഇത് കൊച്ചി രാജകുടുംബത്തിന്റെ വകയായി. ഇന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെകീഴിലാണ് ഈ മഹാക്ഷേത്രം. തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കാണ് തന്ത്രാധികാരം. മേൽശാന്തി ദേവസ്വം ബോർഡിന്റെ നിയമിയ്ക്കുന്ന വ്യക്തിയാണ്.

വിശേഷദിവസങ്ങൾ 

രോഹിണിനാളിൽകൊടികയറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവമാണ് ഇവിടെയുള്ളത്. ഉത്സവദിവസങ്ങളിൽ ഭഗവതിയും ശാസ്താവും ദേശസഞ്ചാരത്തിലായിരിയ്ക്കും. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം കയറി പറയെടുപ്പ് നടത്തുന്നതാണ് ദേശസഞ്ചാരത്തിലെ പ്രധാന ചടങ്ങ്. ഉത്രം നാളിലാണ് പ്രധാന ആറാട്ടെങ്കിലും ഉത്സവദിവസങ്ങളിലെല്ലാം ആറാട്ട് നടക്കാറുണ്ട്. ഏഴാം ദിവസമാണ് പ്രസിദ്ധമായ 'മകം തൊഴൽ'. ഇതിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്: കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണമിയും കൂടിയ ദിവസമാണ് വില്വമംഗലം സ്വാമിയാർ ഇവിടെ വന്നതും തീർത്ഥക്കുളത്തിൽനിന്നുകിട്ടിയ ഭദ്രകാളീവിഗ്രഹം പ്രതിഷ്ഠിച്ചതും. പ്രതിഷ്ഠ കഴിഞ്ഞ് വില്വമംഗലം സ്വാമിയാർ കിഴക്കോട്ട് നോക്കിയപ്പോൾ അതാ നിൽക്കുന്നു സാക്ഷാൽ ലക്ഷ്മീനാരായണന്മാർ! ഭഗവാനെയും ഭഗവതിയെയും ഒന്നിച്ചുകണ്ട സ്വാമിയാർക്ക് അറിയാതെ സ്ഥലകാലബോധം നഷ്ടപ്പെട്ടുപോയി. അന്ന് അദ്ദേഹത്തിന് ആ ദർശനം ലഭിച്ചത് കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണമിയും കൂടിയ ദിവസം ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് മിഥുനലഗ്നത്തിലാണ്. ആ സമയം അനുസരിച്ചാണ് മകം തൊഴൽ നടക്കുന്നത്. സ്ത്രീകൾക്ക് അതിവിശേഷമാണ് മകം തൊഴൽ. പിറ്റേദിവസം വരുന്ന പൂരം തൊഴലാണ് പുരുഷന്മാർക്ക് വിശേഷം. മംഗല്യഭാഗ്യത്തിന് ഉത്തമമായി ഈ ദിവസങ്ങൾ കണക്കാക്കപ്പെടുന്നു. 'മകം പിറന്ന മങ്ക', 'പൂരം പിറന്ന പുരുഷൻ' എന്നീ പ്രയോഗങ്ങൾ പോലും ഇതിൽ നിന്നുണ്ടായതാകണം. ഉത്രം നാളിൽ കൊടിയിറങ്ങിക്കഴിഞ്ഞാൽ അത്തം നാളിൽ കീഴ്ക്കാവിൽ വിശേഷാൽ ഗുരുതിപൂജയുണ്ട്. ഉത്സവദിവസങ്ങളിൽ ഭഗവതിയും ശാസ്താവും ദേശസഞ്ചാരത്തിലാണെന്നതിനാൽ പ്രത്യേകപൂജകൾ ഉണ്ടായിരിയ്ക്കില്ല. എന്നാൽ ശ്രീഭൂതബലി ദിവസവും ഉണ്ടായിരിയ്ക്കൂം. ഭജനമിരിപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകാറില്ല.

കന്നിമാസത്തിലെ നവരാത്രിആഘോഷമാണ് മറ്റൊരു പ്രധാന ആഘോഷം. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞുള്ള ഒമ്പത് ദിവസങ്ങളാണ് നവരാത്രി. ഈ ഒമ്പത് ദിവസവും ഭഗവതിയ്ക്ക് വിശേഷാൽ പൂജകളുണ്ടായിരിയ്ക്കും. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പുസ്തകങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. മഹാനവമി ദിവസം അടച്ചുപൂജയാണ്. വിജയദശമി ദിവസം രാവിലെ പുസ്തകങ്ങളും ആയുധങ്ങളും പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു. അന്ന് ആയിരത്തിലധികം കുരുന്നുകൾ വിദ്യാരംഭം കുറിയ്ക്കുന്നു. നവരാത്രിയോടനുബന്ധിച്ച് പ്രസിദ്ധരും അപ്രസിദ്ധരുമായ ആയിരങ്ങളുടെ കലാപരിപാടികളുണ്ടാകും. ക്ഷേത്രത്തിലെ നവരാത്രി മണ്ഡപമാണ് കലാപരിപാടികൾ നടക്കുന്ന സ്ഥലം. ആ പേരുപോലും ഇതിന് കാരണമാണ്.

വൃശ്ചികമാസം മുഴുവനും ധനുമാസത്തിലെആദ്യത്തെ പതിനൊന്നുദിവസവും ഉൾപ്പെടുന്ന മണ്ഡലകാലം വളരെ വിശേഷപ്പെട്ടതാണ്. സാധാരണ ദിവസങ്ങളിൽത്തന്നെ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഈ നാല്പത്തൊന്നുദിവസം കൂടുതൽ തിരക്ക് അനുഭവപ്പെടുന്നു. ശബരിമലയ്ക്കുപോകുന്ന ഭക്തർ യാത്രയ്ക്കിടയിൽ ഇവിടെയും വന്നുപോകാറുണ്ട്. ശബരിമല ഇടത്താവളമായും ഇത് അറിയപ്പെടുന്നു. ഈ ദിവസങ്ങളിൽ അഖണ്ഡനാമജപവും വിശേഷാൽ അന്നദാനവുമുണ്ട്. ഇതിനിടയിലാണ് തൃക്കാർത്തികആഘോഷിയ്ക്കുന്നതും. വൃശ്ചികമാസത്തിലെ കാർത്തികനക്ഷത്രവും പൗർണമിയും കൂടിയ ദിവസമാണ് തൃക്കാർത്തിക. ഈ ദിവസം ദേവിയുടെ ജന്മദിനമായി ആചരിച്ചുവരുന്നു. ചോറ്റാനിക്കരയിൽ കാർത്തിക, രോഹിണി, മകയിരംഎന്നിങ്ങനെ മൂന്നുദിവസമായാണ് ആഘോഷം. ഈ ദിവസങ്ങളിൽ എഴുന്നള്ളിപ്പ്, കാർത്തികവിളക്ക്, വെടിക്കെട്ട്, കലാപരിപാടികൾ തുടങ്ങിയവയുണ്ടാകും.

മേടമാസത്തിൽ വിഷൂവും വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് ക്ഷേത്രനട പതിവിലും നേരത്തെ തുറക്കും. കണിക്കൊന്ന, വെള്ളരിക്ക, കണ്ണാടിതുടങ്ങിയവയ്ക്കൊപ്പം ദേവീവിഗ്രഹവും കണികണ്ട് ആയിരങ്ങൾ തൃപ്തിയടയുന്നു. വിഷുക്കണി കഴിഞ്ഞ് പ്രദക്ഷിണം വച്ച് ഉപദേവതകളെയും തൊഴുത് കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. അന്ന് അന്നദാനത്തിന് വിഷുസദ്യയായിരിയ്ക്കും നൽകുക.

ചിങ്ങമാസത്തിൽ ഓണം ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. അത്തം തൊട്ട് തിരുവോണം വരെയുള്ള പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളമിടുന്നു. ഉത്രാടം, തിരുവോണം എന്നീ ദിവസങ്ങളിൽ സദ്യയുമുണ്ടാകും. അന്നുവരുന്ന ഭക്തർക്കെല്ലാം ഓണസദ്യ വിതരണം ചെയ്യും. കൂടാതെ വിനായകചതുർത്ഥി, അഷ്ടമിരോഹിണി (വിഷ്ണുവിന് പ്രധാനം) എന്നിവയും ഈ മാസത്തിൽ തന്നെ വരുന്ന വിശേഷദിവസങ്ങളാകുന്നു. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വിശേഷാൽ ആനയൂട്ടും നടന്നുവരുന്നു. കർക്കടകമാസം മുഴുവൻ രാമായണമാസമായി ആചരിച്ചുവരുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. അഷ്ടദ്രവ്യമഹാഗണപതിഹോമവും നടന്നുവരുന്നുണ്ട്. രാമായണപാരായണത്തിനായി ഒരു പ്രത്യേകസ്ഥലം തന്നെ നീക്കിവച്ചിരിയ്ക്കുന്നു. കർക്കടകമാസത്തിൽ തന്നെയാണ് ഇല്ലംനിറയും തൃപ്പുത്തരിയുമുള്ളത്. ഇവകൂടാതെ എല്ലാമാസവും വരുന്ന കാർത്തിക, മകം എന്നീ നക്ഷത്രങ്ങൾ, സൂര്യസംക്രമം, ചൊവ്വാഴ്ച, വെള്ളിയാഴ്ച എന്നിവയ്ക്കും അതീവപ്രാധാന്യമുണ്ട്.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget